വിലമതിക്കാനാവാത്ത സേവനവുമായി വിദ്യാര്‍ത്ഥികള്‍

കാഞ്ഞിരപ്പള്ളി ഠ പ്രായധിക്യവും രോഗവും തളര്‍ത്തിയ വയോധികയുടെ വീടും പരിസരവും വാസ യോഗ്യമാക്കിയ വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന് മാതൃകയായി. കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചല്‍സ് കോളജിലെ ബി.എ, ബി.കോം ക്ലാസുകളില്‍ പഠിക്കുന്ന 20 വിദ്യാര്‍ത്ഥികളാണ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മേഴ്‌സി വളയത്തിന്റെ യും അധ്യാപകരായ ഫിലിപ്പ് ഡേവിഡ്, ജോര്‍ജ് ജോസഫ്, ആനറ്റ്, ജിനു, അനു, തെരേസ എന്നിവരുടെ നേതൃത്വത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിരവധി രോഗങ്ങള്‍ അലട്ടുന്ന പൂതക്കുഴി സ്വദേശിയായ 59 കാരി വര്‍ഷങ്ങളായി കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ്. പരിചയക്കാരിയായ ഇവരെക്കുറിച്ച് സിസ്റ്റര്‍ മേഴ്‌സി വളയം നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ദുരവസ്ഥ ബോധ്യപ്പെടുന്നത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ചത്തെ പരിചരണത്തെ തുടര്‍ന്ന് ഇപ്പോള്‍ വാക്കറില്‍ പിടിച്ച് നടക്കാവുന്ന തരത്തില്‍ ആരോഗ്യം മെച്ചപ്പെട്ടു. അടുത്ത ദിവസം തന്നെ വീട്ടിലേക്ക് മാറ്റുന്നതിന്റെ മുന്നോടിയായി സിസ്റ്റര്‍ മേഴ്‌സി വളയത്തിന്റെ നേതൃത്വത്തില്‍ ഇവരുടെ വീടും പരിസരവും വൃത്തിയാക്കുന്നതിന് സന്നദ്ധമായത്. വീടും വീട്ടുപകരണങ്ങളും കഴുകി വൃത്തിയാക്കുകയും വീട്ടുപരിസരത്തെ കാട്ടുചെടികള്‍ വെട്ടിമാറ്റുകയും ചെയ്തു. ആവശ്യമെങ്കില്‍ വരും ദിവസങ്ങളിലും ആവശ്യമായ സഹായങ്ങള്‍ തുടരുമെന്ന് സിസ്റ്റര്‍ മേഴ്‌സി വളത്തില്‍ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *