ഹരിതമിത്രം സംഘത്തിന്റെ ജൈവപച്ചക്കറി കൃഷി വന്‍ വിജയം.

കാഞ്ഞിരപ്പള്ളി ഠ ഹരിതമിത്രം സംഘത്തിന്റെ നേതൃത്വത്തില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഒന്നാം മൈല്‍ മിനിമില്ലിനു സമീപം തുടക്കം കുറിച്ച ജൈവപച്ചക്കറി കൃഷി വന്‍ വിജയം. ഇവര്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങളായ വഴുതനങ്ങയും, വെണ്ടക്കയും, കോവക്കയും, അച്ചിങ്ങാപയറിനും ആവശ്യക്കാരേറെ. ഇതു കൂടാതെ നമ്മുടെ നാട്ടിലെ കൃഷിക്കാര്‍ക്കിടയില്‍ അത്ര സുപരിചിതമല്ലാത്ത കാരറ്റും, കാബേജും ഇവരുടെ കൃഷിയിടത്തിന് മാറ്റുകൂട്ടുന്നു. ഒന്നാം മൈല്‍ പുതുപറമ്പില്‍ അജിയുടെ ഇടക്കുന്നത്തെ കൃഷിയിടത്തിലെ ജൈവ കൃഷിയെക്കുറിച്ച് ഏതാനും മാസം മുമ്പ് പത്രത്തിലും ചാനലുകളിലും വാര്‍ത്തയായത് ജനശ്രദ്ധ നേടിയിരുന്നു. സര്‍ക്കാര്‍ സംസ്ഥാന തലത്തില്‍ കൃഷി വ്യാപകമാക്കുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കിയ ഹരിത മിത്രം കാഞ്ഞിരപ്പള്ളിയിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഏഴാം വാര്‍ഡ് അംഗം സുബിന്‍ സലീമാണ് മികച്ച കര്‍ഷകനായ അജി സലീമിന്റെ നേതൃത്വത്തില്‍ കൃഷിയിടം ഒരുക്കുന്നതിന് മുന്നോട്ടു വന്നത്. കൃഷിക്കായി മിനി മില്ലിനു സമീപം 40 സെന്റോളം സ്ഥലം കല്ലുങ്കല്‍ ഷൈന്‍ സൗജന്യമായി വിട്ടുനല്‍കാന്‍ തയ്യാറായതോടെ കൃഷിയില്‍ താല്‍പര്യമുള്ള ഏതാനും ചിലരെ ജൈവകൃഷിയിലേക്ക് പങ്കു ചേരുന്നതിന്നായി ക്ഷണിച്ചു. ഇങ്ങനെ കൂട്ടു ചേര്‍ന്ന 12 അംഗ സംഘം 1500 രൂപ വീതം കൃഷിക്കായി മുതല്‍ മുടക്കി. ഈ മൂലധനത്തില്‍ ആരംഭിച്ച കൃഷിയില്‍ നിന്നും ലഭിച്ച ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ മുതല്‍ മുടക്കിന്റെ ഇരട്ടിയിലേറെ തിരികെ കിട്ടിയെന്നു നേടിയെന്നു മാത്രമല്ല സംഘത്തിലെ അംഗങ്ങളുടെ വീടുകളിലേക്ക് കഴിഞ്ഞ നാലുമാസത്തിനിടെ ആവശ്യമായ മുഴുവന്‍ പച്ചക്കറികളും ഇവിടെ നിന്നും ലഭിക്കുകയൂം ചെയ്തു. പൂര്‍ണമായും ജൈവകൃഷിയാണ് ഇവിടെ നടത്തിയത്. കീടങ്ങളെ തുരത്താനായി ഫിഷ് അമിനോ ആസിഡും, മുട്ടക്കഷായവും ഉപയോഗിക്കുന്നതു കൂടാതെ കൃഷിയിടത്തിന്റെ വിവിധ ഭാഗങ്ങളിലായി ബന്തിച്ചെടിയും ഇവര്‍ നട്ടുവളര്‍ത്തുന്നു. ആകര്‍ഷമായ പൂക്കള്‍ ഉണ്ടാവുന്ന ബന്തിച്ചെടി നാട്ടിന്‍ പുറങ്ങളിലെ വീട്ടു മുറ്റങ്ങളെ മുന്‍കാലങ്ങളില്‍ അലങ്കരിച്ചിരുന്നു. ഈ ചെടിയില്‍ ഉണ്ടാവുന്ന മഞ്ഞ നിറമുള്ള പൂക്കളില്‍ ആകൃഷ്ടരാവുന്ന കീടങ്ങള്‍ കൂട്ടത്തോടെ ബന്തിപ്പൂക്കളില്‍ എത്തുന്നതോടെ ചെടിയുടെ സ്വയം രോഗ പ്രതിരോധ സംവിധാനത്തില്‍പ്പെട്ട് കൂട്ടത്തോടെ നാശമടയുകയും ചെയ്യുമെന്നത് ഈ സംഘത്തിന്റെ കണ്ടെത്തലാണ്.

Add a Comment

Your email address will not be published. Required fields are marked *