നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന മദ്യം എക്‌സൈസ് സംഘം പിടിച്ചെടുത്തു.

കാഞ്ഞിരപ്പള്ളി ഠ മദ്യവില്‍പ്പനശാല മാറ്റി സ്ഥാപിക്കുന്നതിനായി നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന മദ്യം എക്‌സൈസ് സംഘം പിടിച്ചെടുത്തു. 70 ലിറ്റര്‍ മദ്യവും ഒരുപെട്ടി ബിയറുമാണ് പിടികൂടിയത്. ഇത് കൂടാതെ ബിവറേജസ് കോര്‍പ്പറേഷന്റെ പ്രിന്ററും മറ്റു രേഖകളും ഇവിടെ നിന്നും കണ്ടെടുത്തു. കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പനശാല അഞ്ചിലിപ്പയില്‍ സ്ഥാപിക്കുന്നതിനായി കെട്ടിടം പണികള്‍ നടന്നു വരുകയായിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ നല്‍കിയ കേസ് ഹൈക്കോടതിയില്‍ നടന്ന് വരികയാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ സമരവും നടന്നു വരികയായിരുന്നു. കെട്ടിടത്തിനുള്ളില്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം കെട്ടിടത്തില്‍ പരിശോധന നടത്തിയത്. എന്നാല്‍ ഹൈക്കോടതിയില്‍ നടക്കുന്ന കേസ് ഇന്ന് പരിഗണിക്കാനിരിക്കേ ലൈസന്‍സ് ലഭിച്ചെന്നത് വ്യാജ പ്രചരണമാണെന്നും നാട്ടുകാരും പറയുന്നു. മദ്യവില്‍പ്പന ശാല അഞ്ചിലിപ്പയില്‍ സ്ഥാപിക്കാന്‍ ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്നാണ് ബവ്‌കോ അധികൃതര്‍ പറയുന്നത്. ലൈസന്‍സ് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഹാജരാക്കണമെന്ന് ബവ്‌കോ മാനേജരോട് എക്‌സൈസ് അധികൃതര്‍ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കെട്ടിട ഉടമയ്‌ക്കെതിരെയും ബവ്‌കോ മാനേജര്‍ക്കെതിരെയും കേസെടുക്കുമെന്നും എക്‌സൈസ് സി.ഐ.അറിയിച്ചു. എന്നാല്‍ കെട്ടിടം ബിവറേജസ് കോര്‍പ്പറേഷന് വാടകയ്ക്ക് നല്‍കി കൊണ്ട് കഴിഞ്ഞ 24 ന് കരാറിലേര്‍പ്പെട്ടുവെന്നും 31 ന് താക്കോല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് കൈമാറിയെന്നും കെട്ടിട ഉടമ എക്‌സൈസിനെ അറിയിച്ചു. എരുമേലി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് മദ്യം പിടിച്ചെടുത്തത്.

Add a Comment

Your email address will not be published. Required fields are marked *